കോഴഞ്ചേരി: അനസ്തേഷ്യ മെഷീന് തകരാറിലായതോടെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ തടസപ്പെട്ടു. സിസേറിയന് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാതായതാടെ ഗര്‍ഭിണികളും ബുദ്ധിമുട്ടി. ഇതോടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ സ്ത്രീകളെ മറ്റ് ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റേണ്ടിവന്നു.
തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീന് തകരാര്‍ സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അധികൃതര്‍ സ്ഥിതിഗതികള്‍ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രിയിലും പ്രശ്നം പരിഹരിക്കാത്തതിനേ തുടര്‍ന്ന് ചില രോഗികളോട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചപ്പോഴാണ് മെഷീന് തകരാറിന്റെ വിവരം അഡ്മിറ്റ് ആയവര്‍ അറിയുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നും ഉപകരണം എത്തിച്ച് സിസേറിയന് നടത്താന്‍ ശ്രമമുണ്ടായെങ്കിലും ഫലമുണ്ടായില്ല. മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കാതെയിരുന്ന പുതിയ മെഷീനാണ് എത്തിച്ചതെങ്കിലും ഇതും പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന നാലു പേരെ ഇതിനോടകം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനസ്തേഷ്യ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാതെ പ്രസവവിഭാഗത്തിലെ സേവനങ്ങള്‍ സാധാരണ നിലയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് സംഭവിച്ച പ്രതിസന്ധിയില്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. തകരാറിലായ ഉപകരണം എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കി പ്രസവ-ശസ്ത്രക്രിയാ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഷൈറക്സ് കമ്പനിയുടേതാണ് അനസ്തേഷ്യ മെഷീന്. കമ്പനിയെ വിവരം ധരിപ്പിച്ചതിനേത്തുടര്ന്ന് ടെക്നീഷന്‍ ഇന്നലെ വൈകുന്നേരത്തോടെ എത്തിയതായും ശസ്ത്രക്രിയകള്‍ ഇന്നു സാധാരണ നിലയിലാകുമെന്നും ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് അറിയിച്ചു. രാത്രിയോടെ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.